Friday, February 18, 2011

മത്തി പുരാണം

   
ലഞ്ച് ബ്രേകിനു ദേവി ടീച്ചര്‍ ചോറു പാത്രം തുറന്നപ്പോള്‍  മുതല്‍ തുടങ്ങിയതാണ് കുറച്ച്‌  മീന്‍ വാങ്ങണമെന്ന പൂതി.സ്കൂള്‍ വിട്ടു നേരെ മാര്‍ക്കറ്റില്‍ പോയി.മീനിനൊക്കെ മുടിഞ്ഞ വില.കടക്കാരന്‍ എല്ലാ മീനിന്റെയും പലവിധ ഗുണഗണങ്ങള്‍ വിവരിച്ചു തന്നു.അവസാനം ഒരു കിലോ മത്തി (ചാള )വാങ്ങി.മീന്‍കാരന്‍ നാടന്‍ മത്തിയാണെന്ന് പറഞ്ഞത് കൊണ്ടൊന്നുമല്ല  വാങ്ങിയത്. ഇരുപതു രൂപയ്ക്ക് ഒരു കിലോ കിട്ടിയതുകൊണ്ടാണ്.
നന്നായി പൊതിഞ്ഞു രണ്ടു പ്ലാസ്ടിക്   കവറില്‍ ആക്കി നേരെ ബസ് സ്റ്റോപ്പിലേക്ക്  നടന്നു.ബസ്സില്‍ സൈഡ് സീറ്റില്‍ ഇരുന്നു മത്തി പൊതി സീറ്റിനടിയില്‍ തൂക്കിയിട്ടു.മത്തിയുടെ ചൂര്  ആരും അറിയരുതല്ലോ.മോശമല്ലേ?.
വീട്ടില്‍ എത്തി  പൊതി ഭാര്യക്ക്‌ കൊടുക്കുന്നതിനു മുന്‍പ് ഞാനൊന്നു തുറന്നു മണത്തു നോക്കി.
ഛെ .... ഒരു മൂത്രത്തിന്റെ ചൂര്.മത്തി കേടാവാതിരിക്കാന്‍  അമോണിയ ഇട്ടതാണെന്ന്  ഭാര്യ പറഞ്ഞു.മണം എന്തായാലും പിടയ്ക്കുന്ന മത്തിയാണെന്നും അവള്‍ ആശ്വസിപ്പിച്ചു..  എനിക്ക് ചായ തന്നിട്ട് അവള്‍ പിന്നാമ്പുറത്ത് മത്തിയും കത്തിയുമായിരുന്നു.


പണ്ടൊക്കെ മത്തിക്ക്  മത്തിയുടെ ചൂരായിരുന്നു. അമോണിയയുടെ നാറ്റം ഉണ്ടായിരുന്നില്ല .അയമുക്ക      "പച്ചേ...പച്ചേ...പൂയി"  കൂക്കി മീന്‍ കൊട്ടയുമായി യാറത്തിനടുത്ത് വരും.
അമ്മ തരുന്ന എട്ടണ തുട്ടുമായി ഞങള്‍ പാടത്തിന്റെ വരമ്പിലൂടെ  ഓടും. കതിരിട്ടു തലപൊക്കി നില്‍ക്കുന്ന നെല്‍ചെടികളെ തൊട്ടുതലോടി,തൊട്ടാവാടി ചെടികളെ തല്ലിയുറക്കി,ഇടയ്ക്കൊക്കെ ചേറ്റില്‍ ചവിട്ടി ഒരോട്ടം.അയമുക്കാന്റെ അടുത്ത് വലിയ തിരക്കൊന്നും ഉണ്ടാവില്ല.ഏറിയാല്‍ ഒന്നോ രണ്ടോ പേര്‍ കാണും.ചെറിയൊരു വള്ളിക്കൊട്ടയില്  നിറയെ മീന്‍.അതിനു പുറത്തു കുറെ ഇലകളും.
"എത്രക്കാ കുട്ട്യോളെ വേണ്ടു?"  അയമ്മുക്കാടെ സ്ഥിരം ചോദ്യം.കുഞ്ഞന്‍ മത്തി
യാണെങ്കില്‍  വാരിത്തരും. അല്ലെങ്കില്‍ എട്ടണക്ക്‌ പത്തോ പതിനഞ്ചോ തരും.പൈസ കൊടുത്താല്‍ അയമുക്ക മീനെണ്ണുന്നത്  കേള്‍ക്കാന്‍ നല്ല രസമാണ്. "ഒന്നാ ഒന്ന് ...രണ്ടാ  രണ്ടു... മൂന്നാ  മൂന്നു  .......  " അങ്ങിനെ.      പൊടുന്ണീടെ ഇലയിലോ തേക്കിന്റെ ഇലയിലോ നന്നായി പൊതിഞ്ഞു തരും. എന്നിട്ട് പറയും "കുട്ട്യോളെ ,വിഗ്ഗ്യാതെ പോയ്കൊളി. നാളെ വരുമ്പോ ഇത്തിരി തേക്കിന്റെ ഇല കൊടന്നാ രണ്ടു മത്തി അധികം തരാം"
ഇനി ഇലയില്ലെങ്കില്‍ അയമുക്കാന്റെ കയ്യില്‍ പാടവള്ളിയുണ്ടാകും .അതില്   മാലപോലെ മത്തി കോമ്പല  കോര്തുതരും.അതും പിടിച്ചു ഞങ്ങള്‍ വീട്ടിലേക്കു ഓടടാ  ഓട്ടം.
അമ്മ ചീനച്ചട്ടിയില്‍ മത്തിയിട്ട് നേരെയാക്കാനിരിക്കും. കൂട്ടിനു നാലഞ്ചു പൂച്ചകളും കോഴികളും. വലിയ മത്തിയാണെങ്കില്‍  ഉള്ളിലുള്ള മനിഞ്ഞില് (പഞ്ഞി) വേറെ ഒരിലയില്‍  എടുത്തു വെയ്ക്കും.  
നേരെയാക്കി കഴിഞ്ഞാല്‍ എത്ര കഴുകിയാലും അമ്മയ്ക്ക് തൃപ്തിയാവില്ല.മത്തിയുടെ നടുകഷ്ണം കത്തികൊണ്ട് വരഞ്ഞു ഉപ്പു തിരുമ്മി വെയ്ക്കും.മുളകും മഞ്ഞളും ഉള്ളിയും അമ്മിയിലരച്ചു കഷ്ണങ്ങളില്‍ തിരുമ്മി പിടിപ്പിച്ചതിന് ശേഷം പുറത്തെ അടുപ്പില്‍  ചീനച്ചട്ടിയിലിട്ടു വറക്കും.  
മത്തിതലയും വാല്‍കഷ്ണവും    ചേര്‍ത്ത് ഉഷാരൊരു കറിയും. മനിഞ്ഞില്‍  പ്രത്യേകം പൊരിയ്ക്കും.ഉമ്മറത്ത് ഇരുന്നു പഠിയ്ക്കുന്ന ഞങ്ങള്‍  അതിന്റെ കൊതിപ്പിയ്ക്കുന്ന മണം പിടിച്ചു വെള്ളമിറക്കാരുണ്ടായിരുന്നു..
മത്തി പൊരിച്ചു ബാക്കി വരുന്ന എണ്ണയില്‍ ചോറിട്ടു പുരട്ടി അമ്മ എനിക്ക് തരും.    ഹാ ...എന്തൊരു സ്വാദ്. ഇന്നത്തെ ഐസിലിട്ട  മത്തിയായിരുന്നില്ല അന്നത്തെ അയമുക്കാന്റെ മത്തി.


"കുളിക്ക്യായില്ലേ ? നേരം എട്ടരയായി."   അവള്‍ വിളിക്കുമ്പോള്‍  അകത്ത്    ലെഡ് ക്രോമേറ്റ്  ചേര്‍ത്ത മഞ്ഞള്‍ പൊടിയും, ഇഷ്ടികപ്പൊടി കലര്ത്തിയ മുളകുപൊടിയും, കുപ്പിച്ചില്ലുകളും , മണലും, പാറപ്പൊടിയും ചേര്‍ത്ത iodised salt ഉം അരച്ച് പിടിപ്പിച്ച മത്തി കഷ്ണങ്ങള്‍    പാരഫിന്‍  ഓയില്‍  ചേര്‍ത്ത ശുദ്ധമായ വെളിച്ചെണ്ണയില്‍  ഉറഞ്ഞു തുള്ളുന്നുണ്ടായിരുന്നു.

2 comments:

  1. കൊതിപ്പിച്ചല്ലോ പഹയാ ഇങ്ങള്‍ നല്ല രസമായി വായിച്ചു ഒപ്പം ബാല്യത്തിലേക്ക് ഒരു പോക്കും

    ReplyDelete
  2. ഇന്നത്തെ മത്തിക്ക് ഒരു സ്വാദുമില്ല . വീടു മുഴുവന്‍ നാറും.

    ReplyDelete