Wednesday, February 2, 2011

മനുവിന്റെ അച്ഛന്‍...


മനു സ്കൂള്‍ വിട്ടു അന്ന് നേരത്തെ എത്തി.വഴിയില്‍  ആല്‍മരത്തണലില്‍  അവന്‍ കൂട്ടുകാരോട് സൊറ പറഞ്ഞിരുന്നില്ല..വടക്കേ  കുളത്തില്‍ മീന്‍ കുഞ്ഞുങ്ങള്‍ താഴ്മേല്‍ നീന്തി വട്ടങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധിച്ചതുമില്ല.കലങ്ങി മറിഞ്ഞ മനസ്സുമായി ഒരേ നടപ്പായിരുന്നു.
അമ്മ ഓഫീസില്‍ നിന്നും നേരത്തെയെത്തിയിട്ടുണ്ട്. സാധാരണ താനാണ്‌  അടുത്ത  വീട്ടിലെ  അമ്മു ചേച്ചിയില്‍ നിന്ന്  താക്കോല്‍   വാങ്ങി വീട്  തുറക്കുക. അമ്മുച്ചേച്ചി  ചായയും  ദോശയും  തരും .പിന്നെ  ആറുമണിവരെ വീട്ടില്‍  തനിച്ചാണ്.
ടെറസിന്‍ മുകളില്‍  വളര്‍ത്തുന്ന  പ്രാവുകളെ  നോക്കി  കുറേയിരിക്കും . മനു  വന്നാല്‍ അവ  പറന്നു അടുത്തെത്തും. അരിമണികള്‍ കൊത്തിതിന്നു കുറുകുറ  മനുവിനോട് ചേര്‍ന്നിരിക്കും.
പ്രാവുകളെ ഒരിക്കലും മനു കൂട്ടിലടച്ചിരുന്നില്ല.  അവ     പോവും,വരും.എന്നാലും ആ  പക്ഷികള്‍ മനുവിനു സ്വന്തമായിരുന്നു .


“നിനക്കിതല്ലാതെ ഒരു പണിയുമില്ലേ..?ഈ സമയം എന്തെങ്കിലും ഇരുന്നു പഠിച്ചൂടെ?
അമ്മയുടെ സ്ഥിരം ചോദ്യമാണ്.അച്ഛന്‍ ഒന്നും ചോദിക്കാറില്ല.
എങ്കിലും അവര്‍ രണ്ടുപേര്‍ക്കും അറിയാം അവന് സമയം വേസ്റ്റ് ചെയ്യാറില്ലെന്നു. ‍  


“മനൂ” അമ്മയുടെ വിളി കേട്ട് അവന്‍ തിരിഞ്ഞുനോക്കി . വെളുത്ത പ്രാവിന്‍ കുഞ്ഞു അവന്റെ കയ്യില്‍ നിന്നും കുതറി പാറിപ്പോയി.
“വാ, ചായ കുടിക്കാം”  മനു പതുക്കെ അമ്മയുടെ പിന്നാലെ നടന്നു..അവന്‍  അവരുടെ ഒരേ ഒരു മകനാണ്.ടൌണിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 9th ഇല്‍  പഠിക്കുന്നു. പഠിക്കാന്‍ ആവറേജ്.
“ഇന്ന് അച്ഛന്‍ സ്കൂളില്‍ വന്നിരുന്നു അല്ലെ?”     അമ്മയുടെ ചോദ്യം കേട്ട് ചുണ്ടോടടുപ്പിച്ച ഗ്ലാസില്‍  നിന്നും ചായ തുളുമ്പി പോയതവനറിഞ്ഞു. 
മനു  പുറത്തു പാറിക്കളിക്കുന്ന പ്രാവുകളെ ജനലിലൂടെ കണ്ടു .നനഞ്ഞ  കണ്ണുകളു  മായി ഒന്നും മിണ്ടാതെ അവന്‍ പതുക്കെ ഉമ്മറത്തേക്ക് പോയി.
അച്ഛന്‍ ഇന്ന് ലഞ്ച് ബ്രേകിന്  സ്കൂളില്‍ വന്നിരുന്നു.ജോണ്‍ സര്‍  വിളിപ്പിച്ചതാണ്. തന്റെ ഡയറിയില്‍ സര്‍  കുറെ തവണ എഴുതിയിരുന്നു.പക്ഷെ എന്തുകൊണ്ടോ   അച്ഛനെ കാണിക്കാന്‍ അവനു കഴിഞ്ഞില്ല.അങ്ങിനെയാണ് അച്ഛന്റെ നമ്പര്‍  തപ്പിയെടുത് ജോണ്‍ സര്‍ വിളിപ്പിച്ചത്.
ജോണ്‍ സര്‍ അവന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആണ്.45 കുട്ടികളുള്ള ക്ലാസ്സില്‍  താനടക്കം  ആറു പേര്‍ സാറിന്റെ ഭാഷയില്‍ " weak students " ആണ്.
തന്നെയും  കൂട്ടി  അച്ഛന്‍  സ്റാഫ്  റൂമിലെത്തി.സര്‍ കറക്ഷന്‍ ചെയ്യുന്ന നോട്ട് ബുക്കുകള്‍ മാറ്റിവെച്ചു ഞങ്ങളെ നോക്കി.
"പ്ലീസ് സിറ്റ് ഡൌണ്‍."
“ സീ മിസ്ടര്‍ ദിനേശ്, 9th D യില്‍ 45 കുട്ടികളുണ്ട്.അതില്‍ 33 കുട്ടികള്‍ക്ക്  85 %ആന്‍ഡ്‌ അബൌ ഉറപ്പാണ്‌.ആറു  പേര്‍ക്ക്  ഫസ്റ്റ് ക്ലാസ്സ്‌ ഷുവര്‍.ബാക്കി ആറു പേര്‍ ആവറേജ്.മനുവിന്റെ കാര്യം എടുത്താല്‍ ഫസ്റ്റ് ക്ലാസ്സ്‌ പോയിട്ട് സെക്കന്റ്‌ ക്ലാസ്സുപോലും കിട്ടാന്‍ സാധ്യതയില്ല."
അച്ഛന്‍ ഒന്നും മിണ്ടുന്നില്ല.സര്‍ പിന്നെയും തുടര്‍ന്നു. "പ്രിന്‍സിപ്പല്‍  മേടം  advice ചെയ്തത് T.C. കൊടുത്തു വിടാനാണ്.നിങ്ങള്‍ പേടിക്കേണ്ട.അവന്‍ നന്നായി പാടുകയും കളിക്കുകയും ചെയ്യില്ലേ? എവിടെയും അഡ്മിഷന്‍ കിട്ടും.
ഞങ്ങള്‍ക്ക് പ്രാധാന്യം പത്താം ക്ലാസ്സില്‍ മുഴുവന്‍ ഫസ്റ്റ് ക്ലാസ്സാണ്." 
അച്ഛന്‍  കണ്ണടയൂരി  നിസ്സഹായതയോടെ തന്നെ നോക്കി ...... “നീ ക്ലാസ്സില്‍  പൊയ്ക്കോ”    പറയാനാവാത്ത ആത്മനിന്ദയോടെ സ്വയം ശപിച്ചു താന്‍ തിരിഞ്ഞു  നടന്നു .
--------------------------------------
“എന്താടാ സ്വപ്നം കാണുന്നത്?” അച്ഛന്റെ ശബ്ദം  കേട്ട് മനു  എണീറ്റു.അച്ചനും  ഇന്നു നേരത്തെയാണ്.വായനശാലയില് ‍കേറീട്ടില്ലായിരിക്കും .കൂടുതലൊന്നും   പറയാതെ അയാള്‍ അകത്തേക്ക് പോയി.
അച്ഛനും അമ്മയും കാര്യമായി സംസാരിക്കുകയാണ്.മനുവിന് ഭയമായി.എന്തൊക്കെയാണ് ഇനി ഉണ്ടാവുക? ജോണ്‍ സര്‍  പലതും  പറഞ്ഞിട്ടുണ്ടാവും.T.C വാങ്ങിയോ ആവൊ?
മനുവിറെ മനസ്സ് പെയ്യാന്‍ വിതുമ്പുന്ന കാര്‍മേഘം പോലെ കറുത്തി രുണ്ടു. ടെറസിന്‍ മുകളില്‍ നിന്നുമുള്ള പ്രാവിന്‍ കുഞ്ഞുങ്ങളുടെ  ചിറകടി ശബ്ദം ആദ്യമായി അവനെ  അലോരസപ്പെടുത്തി.
പുറത്ത് ഇരുട്ട് കൂടി കൂടി വരുന്നു മനുവിന്റെ കൈകാലുകള്‍ മരവിച്ചു.ഹൃദയതാളം അവന്റെതന്നെ കാതുകളില്‍ മുഴങ്ങി.


അവസാനം അച്ഛന്‍ ഉമ്മറത്തേക്ക്  വന്നു.കൂടെ അമ്മയും.
“മോനേ,"    :ആ വിളികേട്ടു മനു നിസ്സംഗതയോടെ അച്ഛനെ ശ്രദ്ധിച്ചു. 
”നീ  സാറു പറയുന്നതൊന്നും കാര്യമാക്കേണ്ട.എല്ലാവരും ഒരു  പോലെയാവില്ലല്ലോ.നമ്മള്‍ മാക്സിമം ശ്രമിക്കുക.നിനക്ക് മാര്‍ക്കൊക്കെ കിട്ടും”


മനുവിന് സഹിക്കാനായില്ല.നിറകണ്ണുകളോടെ അച്ഛനെയും അമ്മയെയും  മാറി മാറി നോക്കി.
“എനിക്ക് പറ്റ്ണില്യ അച്ഛാ. ഞാന്‍ നല്ലോണം വായിക്കുന്നുണ്ട്.ചിലത്  ഓര്മകിട്ടുന്നില്ല.” മനു  പൊട്ടി കരഞ്ഞു,
അയാള്‍ അടുത്തുവന്നു അവനെ കെട്ടിപിടിച്ചു....”സാരല്യ മോനേ ,ഞാന്‍ T.C യൊന്നും വാങ്ങുന്നില്ല,നീ അവിടെ തന്നെ  പഠിക്കും .നല്ല മാര്‍ക്കും വാങ്ങും”
അച്ഛന്റെ മാറില്‍ തലചേര്‍ത്തു    മനുവിന്റെ മനസ്സ്  പെയ്തിറങ്ങി.
കൂട്ടില്‍ പ്രാകുഞ്ഞുങ്ങളുടെ  ചിറകടി ശബ്ദം നിലച്ചിരുന്നു.പകരം സ്നേഹത്തിന്റെ  കുറുകുറു ശബ്ദം  മനു മെല്ലെ ശ്രദ്ധിച്ചു.. 

1 comment: